ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനൊരുങ്ങി അസം, കർണാടക സർക്കാരുകളും. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർഥി-ജനകീയ സമരങ്ങളിൽ പോപ്പുലർ ഫ്രണ്ട് നുഴഞ്ഞുകയറി അക്രമം നടത്തുന്നു എന്നാരോപിച്ചാണ് നടപടി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ച് യുപി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവർത്തനങ്ങളും ലിങ്കുകളും പരിശോധിക്കാൻ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ ഉത്തര്‍ പ്രദേശില്‍ നടന്ന അക്രമത്തിൽ പോപ്പുലര്‍ ഫ്രണ്ട് സജീവ പങ്കാളിയാണെന്ന് യുപി ഡിജിപി ഒ.പി സിങ് പറഞ്ഞു. അതിനാലാണ് അവരുടെ 25 അംഗങ്ങളെ അറസ്റ്റ് ചെയ്‌തതെന്നും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകൾ പൊലീസിന്‍റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുപി പൊലീസിന്‍റെ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ട് നിഷേധിച്ചു.
ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. 1908ലെ ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ സെക്ഷൻ 16 പ്രകാരമാണ് നിരോധിച്ചത്. കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന കേന്ദ്രം നടത്തിയെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങൾക്കെതിരെ 2013 ൽ എൻഐഎ കേസെടുത്തിരുന്നു. 2006ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപിതമായത്. രാജ്യത്ത് പിന്നാക്കം നിൽക്കുന്നവരെയും മുസ്‌ലീങ്ങളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാമൂഹിക സാമ്പത്തിക പ്രസ്ഥാനമാണ് തങ്ങളുടേതെന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.