ഡെറാഡൂൺ: ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള ക്രിക്കറ്റ് കമന്‍ററികൾ സാധാരണമാണ്. പ്രാദേശിക ഭാഷകളിലും കമന്‍ററികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ സംസ്‌കൃതത്തിൽ ക്രിക്കറ്റ് കമന്‍ററി കേൾക്കുന്നത് ഇതാദ്യമായിരിക്കും. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലുള്ള സംസ്‌കൃത സർവകലാശാലയിലാണ് ദേവഭാഷാ എന്ന് വിശേഷിക്കപ്പെടുന്ന സംസ്‌കൃതത്തിൽ ക്രിക്കറ്റ് കമന്‍ററി നൽകിയത്.
ഇൻഡോ-യൂറോപ്യൻ ഭാഷാ ശാഖയിലെ ഏറ്റവും പുരാതനമായ ഭാഷയിലുള്ള ഈ പുതിയ അവതരണത്തിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിലെ 11 സ്കൂളുകളിൽ നിന്നായി 200ലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ റേസിങ്, ലോങ്ജമ്പ് മുതലായ മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
സംസ്‌കൃതം ഉത്തരാഖണ്ഡിലെ രണ്ടാം ഭാഷ കൂടിയാണ്. ഇതിനെ മതപരമായ ആചാരങ്ങളിലേക്ക് മാത്രം ഒതുക്കി നിർത്തരുത്. പകരം പുരാതനമായ ഈ ഭാഷക്ക് പ്രായോഗിക പ്രാധാന്യം നൽകിയാൽ മാത്രമെ ദൈനംദിന ജീവിതത്തിൽ ആളുകൾ ഇത് ഉപയോഗിക്കുകയുള്ളൂവെന്നും പരിപാടിയുടെ മുഖ്യാതിഥി ആയിരുന്ന സാംസ്കാരിക വിദ്യാഭ്യാസ വകുപ്പിന്‍റെ അഡീഷണൽ ഡയറക്‌ടർ വജ്‌ശ്രവ ആര്യ പറഞ്ഞു.
"ഒരുകാലത്ത് സംസ്‌കൃതം പ്രഥമ ഭാഷയായി കണക്കാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഇംഗ്ലീഷിന്‍റെ ആധിപത്യമാണ് കാണാൻ കഴിയുന്നത്. ഇന്ത്യക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നത് അഭിമാനകരമായി കാണുന്നതിനാൽ തന്നെ രാജ്യത്തിന്‍റെ പല കോണുകളിലും ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിക്കുകയാണ്. പുതിയ ഭാഷ പഠിക്കുന്നതിൽ തെറ്റില്ല. അതേസമയം സ്വന്തം ഭാഷ മറക്കുന്നതും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.