ന്യൂഡൽഹി: സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി ഒപ്പിട്ട കരാർ സമാധാനം പുസ്ഥാപിക്കുമെന്ന് അസമിൽ നിന്നുള്ള രാജ്യസഭാ എംപി ബിസ്വാജിത് ഡൈമറി. പതിറ്റാണ്ടുകൾ പഴക്കമുള്ള കലാപ പ്രശ്‌നം പരിഹരിക്കാൻ കരാർ വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ബോഡോലാന്റ് പ്രദേശത്ത് താമസിക്കുന്നവരുടെ ഭാഷ, സംസ്കാരം, സ്വത്വം എന്നിവ പരിരക്ഷിക്കാനും കരാറിന് സാധിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ പ്രദേശത്തെ തീവ്രവാദികൾ നടത്തി വന്ന ആക്രമണങ്ങൾക്ക് കരാർ പരിഹാരമാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷ. ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനം എന്ന ആവശ്യം വേണ്ടെന്ന് ബോഡോ തീവ്രവാദി സംഘടന വ്യക്തമാക്കിയിരുന്നു.