ജയ്‌പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ആന്‍റി കറപ്‌ക്ഷന്‍ ബ്യൂറോയുടെ നോട്ടീസ്. എംഎല്‍എമാരായ വിശ്വേന്ദ്ര സിങിനും ബന്‍വര്‍ ലാല്‍ ശര്‍മയ്‌ക്കുമാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ആഴ്‌ച കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രണ്ട് പേരെയും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്നതിന്‍റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഇരുവര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി എംഎല്‍എയും മുന്‍ മന്ത്രിയുമായ ബന്‍വര്‍ ലാല്‍ ശര്‍മ ഇത് അഞ്ചാം തവണയാണ് സച്ചിന്‍ പൈലറ്റിനൊപ്പം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ പക്ഷം ആരോപിക്കുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം ബന്‍വര്‍ ലാല്‍ ശര്‍മ നിഷേധിച്ചിട്ടുണ്ട്.
എംഎല്‍എമാര്‍ക്കായുള്ള കുതിരക്കച്ചവടം രാഷട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് തന്‍വീര്‍ സിങ്, ബല്‍വന്ദ് സിങ്, ദിഗ്‌വിജയരാജ് സിങ്, കര്‍നി സിങ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ട് അശോക് ഗെഹ്‌ലോട്ടിന്‍റെ വസതിയില്‍ ചേര്‍ന്ന മന്ത്രി സഭാസമ്മേളനം ഇന്ന് രാവിലെ സമാപിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. നിയമസഭാ സ്‌പീക്കര്‍ സിപി ജോഷി, സച്ചിന്‍ പൈലറ്റിനെയും 18 എംഎല്‍എമാരെയും അയോഗ്യരാക്കിയിരുന്നു. സ്‌പീക്കറുടെ നടപടിക്കെതിരെ ഇവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു.