മുംബൈ: മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആരേ കോളനിയില്‍ നിന്നും വെട്ടിമാറ്റിയത് 2141 മരങ്ങള്‍. രണ്ട് ദിവസം കൊണ്ടാണ് ഇത്രയും മരങ്ങള്‍ മുറിച്ച് മാറ്റിയത്. മരം മുറിക്കലിന് തങ്കളാഴ്ച സുപ്രീംകോടതി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളി, ശനി ദിവസങ്ങള്‍ക്കിടയില്‍ മുറിച്ച് മാറ്റിയ മരങ്ങളുടെ എണ്ണം മുംബൈ മെട്രോ വെളിപ്പെടുത്തിയത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇനി മരം മുറിക്കില്ലെന്ന് മുംബൈ മെട്രോ വക്താവ് പറഞ്ഞു. വെട്ടിമാറ്റിയ മരങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ മെട്രോയുടെ കാര്‍ ഷെഡ്ഡ് നിര്‍മിക്കാനായാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്. മരങ്ങള്‍ മുറിക്കാന്‍ ട്രീ അതോറിറ്റി അനുമതി നല്‍കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് മരങ്ങള്‍ മുറിക്കാന്‍ തുടങ്ങിയത്. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇന്നലെ സുപ്രീംകോടതി മരം മുറിക്കലിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.