ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് പിന്നാലെ വ്യാജ സന്ദേശങ്ങളും വർഗീയ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാൻ ആംആദ്‌മി പാർട്ടി. ഡല്‍ഹി നിയമസഭ സമ്മേളനത്തില്‍ ആംആദ്മി എംഎല്‍എ സൗരബ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ സന്ദേശങ്ങളും വർഗീയ പ്രചാരണങ്ങളും നടത്തുന്നവർക്കെതിരെ ജനങ്ങൾക്ക് പരാതി നല്‍കാൻ ഉടൻ തന്നെ ഒരു ഫോൺ നമ്പറും ഇമെയില്‍ ഐഡിയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദേശങ്ങൾ ഉടനടി തന്നെ നിയമപാലകർക്ക് കൈമാറുമെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു.
പരാതി നല്‍കുന്നവർക്ക് 10,000 രൂപ പാരിതോഷികം നല്‍കണമെന്ന് യോഗത്തില്‍ നിർദ്ദേശിച്ചിട്ടുണ്ടെന്നും തുക ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഭരദ്വാജിന്‍റെ നേതൃത്വത്തില്‍ ഒരു സമിതിയെ നേരത്തെ തന്നെ ഡല്‍ഹി നിയമസഭ നിയോഗിച്ചിരുന്നു. സമിതിയില്‍ അതിഷി, രാഘവ് ചദ്ദ്, എംഎൽഎമാരായ അബ്ദുൾ റഹ്മാൻ, അജയ് കുമാർ മഹാവർ, ബി.എസ് ജൂൻ, ദിലീപ് പാണ്ഡെ, ജർനയിൽ സിങ്, കുൽദീപ് കുമാർ എന്നിവരാണ് അംഗങ്ങൾ. കഴിഞ്ഞയാഴ്ച വടക്കു കിഴക്കൻ ഡല്‍ഹിയിലുണ്ടായ വർഗീയ ആക്രമത്തില്‍ 47 പേർ കൊല്ലപ്പെടുകയും 200ല്‍ അധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 254 എഫ്ഐആർ ആണ് ഡല്‍ഹി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 903 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്.