ന്യൂഡൽഹി: ശിവസേന മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ രൂപീകരിച്ചാലും ആദിത്യ താക്കറെ ശക്തനായ മുഖ്യമന്ത്രിയാകില്ലെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രസിഡൻ്റുമായ രാംദാസ് അതാവ്ലെ.
ആദിത്യ താക്കറെക്ക് മഹാരാഷ്ട്രയിലെ ശക്തനായ യുവനേതാവാകാം. ശക്തനായ ശിവസേന നേതാവാകാം. പക്ഷേ അദ്ദേഹത്തിന് ശക്തനായ മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന് രാംദാസ് അതാവ്ലെ ഇടിവി ഭാരതിനോട് പറഞ്ഞു.
ശിവസേന മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ രൂപീകരിക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രധാന വകുപ്പുകളുടെ 50 ശതമാനം നൽകാൻ ബിജെപി തയാറാണ്. ആദിത്യ താക്കറെക്ക് ഉപമുഖ്യമന്ത്രി സ്ഥാനം അഞ്ചുവർഷത്തേക്ക് ലഭിക്കും. ശിവസേനയും ബിജെപിയും സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതിനായി തന്നാലാകും വിധം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 105 സീറ്റുകൾ നേടിയെങ്കിലും ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനാകാത്ത അവസ്ഥയാണ്. 288 അംഗ നിയമസഭയിൽ ശിവസേനയ്ക്ക് 56 സീറ്റുകളാണ് ലഭിച്ചത്.