ജയ്‌പൂർ: സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയ പ്രതാപ്‌ഗഡിലെ ജില്ലാ ജയിൽ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. 24 മണിക്കൂറിനുള്ളിൽ 26 കൊവിഡ് കേസുകളാണ് ജയിലിൽ നിന്നും റിപ്പോർട്ട് ചെയ്‌തത്. ജില്ലയിൽ ചികിത്സയിൽ തുടരുന്ന 28 പേരും തടവുകാരാണ്. ഇതുനുമുമ്പ് രണ്ട് തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വെടിവെയ്പു കേസിൽ അറസ്റ്റിലായി ജയിലിലെത്തിച്ച പ്രതിക്കാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്‌ച മുമ്പാണ് ജില്ല കൊവിഡ് മുക്തമാണെന്ന് പ്രഖ്യാപിച്ചത്.
കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജയിൽ ഉദ്യോഗസ്ഥരെയും, തടവുകാരെയും തെർമൽ സ്‌ക്രീനിങ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓരോ സെല്ലുകളിൽ ഓരോ തടവുകാരെ വീതമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യവകുപ്പിന്‍റെ നിർദേശമനുസരിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് ജയിൽ സൂപ്രണ്ട് ശിവേന്ദ്ര കുമാർ ശർമ പറഞ്ഞു.
ഇതിനുമുമ്പ് ധോൽപൂർ ജില്ലാ ജയിലിൽ നിന്നും 20 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മൂന്ന് ദിവസം മുമ്പ് ജയിലിൽ നിന്നും 70 സാമ്പിളുകൾ പരിശോധനക്കയച്ചു. രാജസ്ഥാനിൽ 78 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 18,092 ആയി ഉയർന്നു. ആകെ മരണസംഖ്യ 413 ആണ്. 13,920 പേർ രോഗമുക്തി നേടിയപ്പോൾ 3,347 പേർ ചികിത്സയിൽ തുടരുന്നു.