ഷിംല: രാജ്യത്തെ ഏറ്റവും വലിയ ബുദ്ധ പ്രതിമ അടൽ റോഹ്താങ്ങ് ടണലിന്‍റെ വടക്കൻ ഭാഗത്തായി സ്ഥാപിക്കുമെന്ന് അധികൃതർ. 500 കോടി രൂപ ചിലവിലാണ് ബുദ്ധ പ്രതിമ നിർമിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ബാമിയാൻ ബുദ്ധന്മാരുടെ മാതൃകയിൽ നിർമിക്കുന്ന പ്രതിമയ്ക്ക് ഏകദേശം 328 അടി (100 മീറ്റർ) ഉയരമുണ്ടാകും. ഹിമാചൽ പ്രദേശ് സംസ്ഥാന സർക്കാരിന്‍റെ നിർദേശത്തിന് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകി.
പ്രതിമയുടെ നിർമാണം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ഗുജറാത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിക്കും. ബുദ്ധ പ്രതിമ പ്രദേശത്തെ ആദിവാസി മേഖലയിലെ വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുമെന്ന് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഡോ. രാംലാൽ മാർകണ്ഡ പറഞ്ഞു. പിർ പർവ്വതത്തിലെ പാറപരിശോധന പ്രക്രിയ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. ഒക്ടോബർ മൂന്നിന് അടൽ ടണലിന്‍റെ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമയുടെ സ്ഥാപിക്കുന്ന സ്ഥലം സന്ദർശിക്കും.