ഹൈദരാബാദ്: തെലങ്കാനയിൽ തിങ്കളാഴ്ച 1,550 പുതിയ കേസുകളും ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പോസിറ്റീവ് കേസുകൾ 36,221 ആയി. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ 365 ആണ്. 1,550 പുതിയ കേസുകളിൽ 926 എണ്ണം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) നിന്നാണ്. രംഗ റെഡ്ഡി, മേഡൽ ജില്ലകളിൽ യഥാക്രമം 212, 53 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതുവരെ 23,679 പേരെ ഡിസ്ചാർജ് ചെയ്‌തെന്നും 12,178 പേർ ചികിത്സയിലാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച 11,525 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും ബുള്ളറ്റിൻ അറിയിച്ചു. മൊത്തം 1,81,849 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ 17,081 കൊവിഡ് -19 കിടക്കകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ 11,928 ഐസൊലേഷൻ കിടക്കകളും 3,537 ഓക്സിജൻ കിടക്കകളുമാണുള്ളത്. ബെഡ് ഒക്യുപ്പൻസി 10.8 ശതമാനമാണ്. ലഭ്യമായ കിടക്കകളിൽ 89.2 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി സർക്കാർ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ആശുപത്രികളിൽ മതിയായ കിടക്കകൾ ലഭ്യമാണെന്നും അധികൃതർ പറഞ്ഞു.