ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 86 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി. ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും സംസ്ഥാനത്തെ രോഗവ്യാപനം ഒരുപരിധി വരെ തടയാൻ സാധിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ മരണനിരക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ കൊവിഡ് സാരമായി ബാധിച്ചെങ്കിലും, അത് തിരിച്ചുകൊണ്ടു വരുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. തമിഴ്‌നാട്ടിൽ ഇതുവരെ 30,152 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 16,000 പേർ രോഗമുക്തി നേടിയപ്പോൾ 251 പേർ മരിച്ചു. ജൂൺ നാല് വരെ 5.50 ലക്ഷം പരിശോധനകൾ നടത്തി. ചൈനയിൽ രോഗം വ്യാപിച്ചുവെന്ന വാർത്തകൾക്ക് ശേഷം ഫെബ്രുവരി മുതൽ സംസ്ഥാനത്തും ചില നിയന്ത്രണങ്ങളും പരിശോധനകളും ആരംഭിച്ചിരുന്നു. റെയിൽവെ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, അതിർത്തികൾ എന്നിവിടങ്ങളിൽ പരിശോധനകൾ കർശനമാക്കി. സർക്കാർ നടപടികളോട് സഹകരിച്ച എല്ലാ ജനങ്ങൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കൂടുതൽ ഡോക്‌ടർമാരെയും നഴ്‌സുമാരെയും നിയമിക്കുന്നത് ഉൾപ്പെടെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 4,033 കോടി രൂപ സർക്കാർ അനുവദിച്ചു. പൊതു, സ്വകാര്യ മേഖലകളിലെ പരിശോധനാ ലാബുകളുടെയും ആശുപത്രികളുടെയും എണ്ണം വർധിപ്പിച്ചു. ഈ കാലയളവിൽ കൃഷിക്കും മറ്റ് പ്രവർത്തനങ്ങൾക്കും യാതൊരു തടസവും ഉണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്നും നിക്ഷേപം ആകർഷിക്കുന്നതിനായി ഉയർന്ന തലത്തിലുള്ള പാനൽ സ്ഥാപിക്കുകയും ചെയ്‌തു. അതിന്‍റെ ഫലമായി അമേരിക്ക, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകർ 47,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ സാധ്യതയുള്ള 15,000 കോടിയുടെ കരാറുകളിൽ അടുത്തിടെ ഒപ്പുവെച്ചു. കടങ്ങൾ തിരിച്ചടക്കാനുള്ള മൊറട്ടോറിയം, പുതിയ വായ്‌പകൾ എന്നിവ പുതിയ പദ്ധതികളായിരുന്നു.
മൂന്ന് മാസത്തേക്ക് സർക്കാർ സൗജന്യ അവശ്യവസ്‌തുക്കൾ നൽകുന്നതിലൂടെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കി. ഏപ്രിൽ മുതൽ രണ്ട് കോടിയിലധികം റേഷൻകാർഡ് ഉടമകൾ, ദരിദ്രർ, കുടിയേറ്റ തൊഴിലാളികൾ എന്നിവർക്ക് കമ്മ്യൂണിറ്റി അടുക്കളകളിലൂടെയും അമ്മ കാന്‍റീനുകളിലൂടെയും ഭക്ഷണം നൽകി വരുന്നു. സർക്കാർ കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയെങ്കിലും പൊതുജന പിന്തുണയില്ലാതെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കില്ല. മാസ്‌ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, വീട്ടിനുള്ളിൽ കഴിയുക തുടങ്ങിയ മുൻകരുതലുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.