ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ 84 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നുവെന്നും 2019 ഓഗസ്റ്റ് മുതല്‍ 59 ഭീകരവാദികള്‍ രാജ്യത്ത് കടന്നുകൂടിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. ഇത്തരം നുഴഞ്ഞുകയറ്റത്തിന് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സഹായങ്ങള്‍ ലഭിക്കുന്നതായും സര്‍ക്കാര്‍ പറയുന്നു. ലോക്‌സഭയിലെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ഉത്തരം നല്‍കുകയായിരുന്നു.
1990 മുതൽ ഈ വർഷം ഡിസംബർ 1 വരെയുള്ള കാലയളവില്‍ 22,557 ഭീകരവാദികളെയാണ് സുരക്ഷാ സേന ഇല്ലായ്മ ചെയ്തത്. 2005 മുതൽ 2019 ഒക്ടോബർ 31 വരെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ 1011 ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. 42 ഭീകരവാദികള്‍ പിടിയിലായി.
2253 ഭീകരവാദികളെ സുരക്ഷാ സേന രാജ്യത്ത് കടക്കാതിരിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തടയുന്നതിനായി പട്രോളിങുള്‍പ്പെടെ നിരന്തര ജാഗ്രത പുലര്‍ത്തുണ്ടെന്നും ശക്തമായ സുരക്ഷയിലാണ് രാജ്യമുള്ളതെന്നും മന്ത്രി ലോക്‌സഭയെ ധരിപ്പിച്ചു.