മുംബൈ: ശ്രീലങ്കൻ സ്‌പിന്നർ മുത്തയ്യ മുരളീധരന്‍റെ ജീവിതം ആസ്‌പദമാക്കുന്ന 800 എന്ന ചിത്രത്തിൽ നിന്ന് വിജയ് സേതുപതി പിന്മാറിയതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ മകൾക്കെതിരെ ബലാത്സംഗ ഭീഷണി. റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ ഈലം തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയതിന് കഴിഞ്ഞ ദിവസം ഒരു കൗമാരക്കാരനെ ഗുജറാത്തിൽ നിന്നും അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സേതുപതിയുടെ മകൾക്കെതിരെയും ഭീഷണി ഉണ്ടായിരിക്കുന്നത്. അതേസമയം പ്രമുഖരുൾപ്പെടെ നിരവധി പേർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്‌ത് ജയിലിലടയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ മാസം എട്ടിനാണ് 800 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മുരളീധരന്‍റെ വേഷം ചെയ്യുന്നത് ലോകമെമ്പാടുമുള്ള തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് വിജയ് സേതുപതിക്കെതിരെ നിരവധി പേര്‍ പ്രതിഷേധമറിച്ചു. എന്നാൽ തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുത്തയ്യ മുരളീധരനും പ്രതികരിച്ചിരുന്നു.