ഒഡീഷ: ചൈനയിൽ നിരവധി മരണങ്ങൾക്ക് കാരണമായ കൊറോണ വൈറസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നതായി സൂചന. മഹാരാഷ്ട്ര, ഗോവ, ഒഡീഷ, ഡൽഹി തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധയുണ്ടെന്നാണ് വിവരം. രാജ്യത്തൊട്ടാകെ നിരവധി പേർ നിരീക്ഷണത്തിലാണ്. ഇതേത്തുടർന്ന് ചൈന സന്ദര്‍ശിച്ച ശേഷം രാജ്യത്തേക്ക് മടങ്ങുന്ന ആളുകളെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ വൈറസ് പരിശോധന നടത്തുന്നുണ്ട്.
ഒഡീഷയിൽ വൈറസ് ബാധിച്ചതായി സംശയിക്കുന്ന എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹെൽത്ത് ആൻഡ് ടെക്നിക്കൽ ഡയറക്റ്റർ സി.ബി.കെ മൊഹന്തി അറിയിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് എണ്ണായിരത്തിലധികം പേരാണ് മഹാരാഷ്ട്രയിൽ എത്തിയിട്ടുള്ളത്. ഇവരിൽ 21 പേർക്ക് കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.