നോയിഡ: നോയിഡയിലെ നിത്താരി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരനെ അറസ്‌റ്റ് ചെയ്തു. ഹാർഡോയി സ്വദേശിയായ സംഭുദയാൽ ആണ് അറസ്‌റ്റിലായത്. നിത്താരി ഗ്രാമത്തിൽ കൽക്കരി കട നടത്തുകയാണിയാൾ.
പെൺകുട്ടിയെ 20 രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് കടയിലേക്ക് കൊണ്ടുപോയതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. കുറ്റം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ട ഇയാളെ ഗ്രാമവാസികൾ മർദ്ദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്.
പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷം ബലാത്സംഗ ശ്രമം, പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മാതാപിതാക്കൾ ജോലിക്ക് പോയ ശേഷം പ്രതി പെൺകുട്ടികൾക്ക് ചോക്ലേറ്റും പണവും വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിക്കുക പതിവാണെന്ന് ഗ്രാമവാസികൾ പറഞ്ഞു.