ന്യൂഡൽഹി: ജലസേചന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്തിൽ സോളാർ പമ്പുകൾ സ്ഥാപിക്കുന്നത് 70 ലക്ഷം കർഷക കുടുംബങ്ങൾക്ക് സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കർഷകർക്കായി 'കിസാൻ സൂര്യോദയ പദ്ധതി' ഉൾപ്പെടെ മൂന്ന് പ്രധാന പദ്ധതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സൗരോർജ്ജ ഉൽപാദനത്തിലും ഉപയോഗത്തിലും ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, സൗരോർജ്ജ ഉൽപാദനത്തിന്‍റെ കാര്യത്തിൽ രാജ്യം ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി. ജലസേചന, കുടിവെള്ള മേഖലകളിൽ ഗുജറാത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജലലഭ്യത ഗവൺമെന്‍റിന്‍റെ ശ്രമഫലമായി ഉയർന്നിട്ടുണ്ട്. മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഗ്രാമങ്ങളിൽ ഇന്ന് വെള്ളം എത്തിയിരിക്കുന്നു. ഇന്ന് ഗുജറാത്തിലെ 80 ശതമാനം വീടുകളിലും പൈപ്പ് വെള്ളം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി കൂടാതെ, യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററുമായി ബന്ധപ്പെട്ട പീഡിയാട്രിക് ഹാർട്ട് ഹോസ്പിറ്റലും ടെലി കാർഡിയോളജിക്ക് മൊബൈൽ ആപ്ലിക്കേഷനും അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.