മുംബൈ: ഗുജറാത്ത് കലാപക്കേസിൽ ജാമ്യം ലഭിച്ച 15 പ്രതികൾ നർമദാ കുംഭമേളയിൽ സന്നദ്ധപ്രവർത്തകരാകും. മധ്യപ്രദേശ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജാമ്യ കാലത്ത് സാമൂഹിക ആത്മീയ കാര്യങ്ങളിൽ ഇടപെടണമെന്ന ഉപാധിയോടെയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മധ്യപ്രദേശിൽ ഫെബ്രുവരി 24 മുതലാകും കുംഭമേള ആരംഭിക്കുക.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന നർമദ കുംഭം ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെ ഗ്വാരിഘട്ടിൽ നർമദ നദിയുടെ തീരത്താണ് നടക്കുക. നർമദ കുംഭത്തിനു പുറമേ സ്വച്ഛ് ഭാരത് അഭിയാൻ, വാർദ്ധക്യകാല വസതികളിൽ സന്നദ്ധ പ്രവർത്തനം എന്നിവയിലും ഏർപ്പെടും. അതേസമയം സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്നും അധികൃതർ പറഞ്ഞു.
ജാമ്യം ലഭിച്ചാൽ സാമൂഹിക ആത്മീയ വിഷയങ്ങളിൽ ഇടപെടുമെന്ന് ഉറപ്പാക്കാൻ കോടതി ഇൻഡോർ ജബൽപൂർ ജില്ലാ നിയമ അധികൃതരോടും നിർദേശിച്ചിരുന്നു. പ്രതികളുടെ പെരുമാറ്റ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിരുന്നു.