ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ. രാജ്യ തലസ്ഥാനമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 968 സ്ഥാനാര്‍ഥികള്‍ നാളെ ജനവിധി തേടും.
ഇതിൽ ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും നാളെ പോളിങ് നടക്കും. ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ 11ഉം ലോക്‌സഭ മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുക. കഴിഞ്ഞ തവണ ബി ജെ പി തൂത്തുവാരിയ ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി തുടങ്ങിയ മണ്ഡലങ്ങളില്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമാണ് നടക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് നാളത്തെ ശ്രദ്ധേയമായ മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ വരുണ്‍ ഗാന്ധി മത്സരിച്ചിരുന്ന ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലാണ് ഇത്തവണ വരുണിന്‍റെ അമ്മ കൂടിയായ മേനകാ ഗാന്ധി ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. നിലവില്‍ മുലായം സിങ് യാദവ് പ്രതിനിധീകരിക്കുന്ന അസംഗര്‍ മണ്ഡലത്തിലാണ് മകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവ് മത്സരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദിര്‍ സിങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് നാളെ ജനവിധി തേടുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ഥികള്‍. അവസാന ഘട്ട തെരഞ്ഞെടുപ്പ് മെയ് 19ന് നടക്കും. മെയ് 23 നാണ് ഫലപ്രഖ്യാപനം.