ചണ്ഡിഗഡ്: കഴിഞ്ഞ നാല് ദിവസങ്ങളായി 68,000 അതിഥി തൊഴിലാളികളെ ഹരിയാനയിൽ നിന്ന് ജന്മ നാടുകളിലെക്ക് തിരിച്ചയച്ചു. സൗജന്യ യാത്രയാണ് സർക്കാർ തൊഴിലാളികൾക്ക് നൽകുന്നത്. ഇത്തരത്തിൽ 5,000 ബസുകളും 100 ട്രെയിനുകളുമാണ് ഹരിയാന സർക്കാർ തായാറാക്കിയിരിക്കുന്നത്. ബുധനാഴ്ചയാണ് സംസ്ഥാനത്ത് കുടുങ്ങിയ 1,200 കുടിയേറ്റ തൊഴിലാളികളുമായി ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ട്രെയിൻ ഹിസാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിഹാറിലെ കതിഹാറിലേക്ക് പുറപ്പെട്ടത്.
എല്ലാ അതിഥി തൊഴിലാളികളെയും സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രഖ്യാപിച്ചതിന് ശേഷം 68,000 ത്തോളം പേരെ വിവിധ ട്രെയിനുകളിലും ബസുകളിലുമായി അവരവരുടെ സംസ്ഥാനങ്ങളിലെക്ക് തിരകെ അയച്ചിട്ടുണ്ട്. 1100 ൽ അധികം ബസുകളാണ് ഇതു വരെ സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികളുമായി പുറപ്പെട്ടിട്ടുള്ളത്. ഇതിൽ 890 ബസുകൾ ഉത്തർപ്രദേശിലേക്കും 152 എണ്ണം രാജസ്ഥാനിലേക്കും 44 എണ്ണം മധ്യപ്രദേശിലേക്കും ഒമ്പത് ബസുകൾ വീതം പഞ്ചാബിലേക്കും ഉത്തരാഖണ്ഡിലേക്കും രണ്ട് ബസുകൾ ഹിമാചലിലേക്കുമാണ് അയച്ചിട്ടുള്ളത്.
നാട്ടിലേക്ക് തിരിച്ചയച്ചവരിൽ 28,000 പേർ ഉത്തർപ്രദേശിലേക്കും 12,000 പേർ ബിഹാറിലേക്കും 9,550 ആളുകൾ ഉത്തരാഖണ്ഡിലേക്കും 6,500 പേർ മധ്യപ്രദേശിലേക്കും 435 തൊഴിലാളികളെ രാജസ്ഥാനിലേക്കും 221 പേർ പഞ്ചാബിലേക്കും 54 പേർ ഹിമാചൽ പ്രദേശിലേക്കും 46 തൊഴിലാളികൾ കേരളത്തിലേക്കും 32 പേർ അസ്സാമിലേക്കും 39 പേർ മഹാരാഷ്ട്രയിലേക്കും 27 പേർ ഗുജറാത്തിലേക്കും 41 ആളുകൾ ജമ്മു കശ്മീരിലേക്കും 10 പേരെ ദില്ലിയിലേക്കും 18 പേരെ ആന്ധ്രാപ്രദേശിലേക്കുമാണ് അയച്ചിരിക്കുന്നത്.
അതേ സമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ പതിനായിരത്തോളം ഹരിയാന നിവാസികളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.