ന്യൂഡല്‍ഹി: ഈ വർഷം ജനുവരി ഒന്നിനും ഫെബ്രുവരി 23നും ഇടയിൽ ഇന്തോ-പാക് അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമായി 646 തവണ വെടിനിർത്തൽ കരാര്‍ ലംഘിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലുള്ള കണക്ക് പ്രകാരം സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ 27 തവണ ഏറ്റുമുട്ടലുകള്‍ നടന്നു. ഏറ്റുമുട്ടലില്‍ 45 തീവ്രവാദികള്‍ കൊല്ലപ്പെടുകയും ഏഴ് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഓഗസ്റ്റ് അഞ്ചിനാണ് കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്‌ത് കശ്‌മീരിനെ ജമ്മു കശ്‌മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയത്.
അതിര്‍ത്തി കടന്നുള്ള വെടിവെക്കല്‍ ലംഘനങ്ങളുടെ പേരില്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ ഡിസംബര്‍ 31 വരെ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 41 കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇതുകൂടാതെ ജമ്മുകശ്‌മീര്‍ യൂണിയന്‍ പ്രദേശത്തും അതിര്‍ത്തി കടന്ന് ആക്രമണം നടന്നതായും നായിക് പറഞ്ഞു. ഇന്തോ-പാക് അന്താരാഷ്ട്രാ അതിര്‍ത്തി പ്രദേശത്തും നിയന്ത്രണ രേഖയിലും 1,586 തവണ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.