ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 63,489 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 944 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് അമ്പതിനായിരത്തോടടുക്കുന്നു. രാജ്യത്ത് ഇതുവരെ 25,89,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 18,62,258 പേര്‍ക്ക് രോഗം ഭേദമായി. 6,77,444 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 49,980 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ശനിയാഴ്‌ച മാത്രം 7,46,608 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. മൂന്ന് കോടിയോളം സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
അതേസമയം ആഗോളതലത്തില്‍ ഏറ്റവും താഴ്‌ന്ന മരണനിരക്ക് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‌തു. രണ്ട് ശതമാനത്തില്‍ താഴെയാണ് ഇന്ത്യയിലെ മരണനിരക്ക്. കൊവിഡ് പരിശോധകളുടെ എണ്ണം വര്‍ധിപ്പിച്ചതും രോഗബാധിതരെ വേഗത്തില്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചതുമാണ് രാജ്യത്ത് മരണനിരക്ക് കുറയാന്‍ കാരണമെന്ന് എംഒഎച്ച്എഫ്‌ഡബ്ല്യു പറഞ്ഞു. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയില്‍ 1,56,719 പേരും ആന്ധ്രാ പ്രദേശില്‍ 88,138 പേരുമാണ് ഇനി ചികിത്സയിലുള്ളത്.