ന്യൂഡൽഹി: കേന്ദ്ര റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 62 പുതിയ കൊവിഡ് കേസുകളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ സിആർപിഎഫിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 234 ആയി. ഇതിൽ 231 സജീവ കേസുകളാണ് ഉള്ളത്.
അതിർത്തി സുരക്ഷാ സേനയിൽ (ബിഎസ്‌എഫ്) ശനിയാഴ്ച 35 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിആർപിഎഫ്, ബിഎസ്‌എഫ്, ഇന്ത്യ ടിബറ്റ് ബോർഡർ പൊലീസ് (ഐടിബിപി), സെൻട്രൽ ഇൻഡസ്ട്രിയൽ പൊലീസ് ഫോഴ്‌സ് (സിഐഎസ്എഫ്), രാഷ്ട്ര സീമ ബാൽ (എസ്എസ്ബി) തുടങ്ങിയ വിവിധ പാരാ മിലിട്ടറി സേനകളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിച്ച ജവാൻമാരുടെ എണ്ണം 500 ആണ്. ഇതിൽ അഞ്ച് മരണങ്ങളും ഉൾപ്പെടുന്നു.
ഇതിൽ ഒരു കൊവിഡ് മരണവും 450 കേസുകളും ദേശീയ തലസ്ഥാനത്ത് നിന്നാണ് റിപ്പോർട്ട് ചെയ്തത്. ജമ്മു കശ്മീർ, ഇന്ത്യ-പാകിസ്ഥാൻ അതിർത്തി, നക്സലൈറ്റ് ബാധിത പ്രദേശങ്ങൾ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ സേനയെ പ്രധാനമായും വിന്യസിച്ചിരിക്കുന്നത്.
എന്നാൽ കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് 95% ജവാൻമാരെയും ക്രമസമാധാന പാലനത്തിനായി ദേശീയ തലസ്ഥാനത്ത് വിന്യസിപ്പിച്ചിരുന്നു.