ലഖ്‌നൗ: രോഗിയായ മുത്തച്ഛനെ അമ്മയോടൊപ്പം സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ആറുവയസ്സുകാരന്‍റെ വീഡിയോ വൈറലായതോടെ ഡിയോറിയ ജില്ലാ ആശുപത്രിയിലെ വാർഡ് ബോയിയെ പിരിച്ചുവിട്ടു. അച്ഛന്‍റെ വസ്ത്രം മാറ്റാൻ വാർഡിലേക്ക് കൊണ്ടുപോകാൻ ഓരോ തവണയും 30 രൂപ വാർഡ് ബോയ് ആവശ്യപ്പെട്ടതായി രോഗിയുടെ മകൾ ബിന്ദു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ സ്‌ട്രെച്ചര്‍ തള്ളാൻ സാധിക്കില്ലെന്നാണ് വാർഡ് ബോയ് പറഞ്ഞതെന്ന് ബിന്ദു പറഞ്ഞു. ബർഹാജ് നിവാസിയായ ചേദി യാദവിന് രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടു. മജിസ്‌ട്രേറ്റ് അമിത് കിഷോർ തിങ്കളാഴ്ച ആശുപത്രി സന്ദർശിക്കുകയും ചേദി യാദവിന്‍റെ കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. സർദാർ എസ്ഡിഎമ്മിന്‍റയും ആശുപത്രിയുടെ അസിസ്റ്റന്‍റ് ചീഫ് മെഡിക്കൽ ഓഫീസറുടെയും കീഴിൽ സംയുക്ത അന്വേഷണ സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.