മനുഷ്യരാശിയുടെ രണ്ട് വ്യത്യസ്ത വശങ്ങളെ തൊട്ടടുത്തായി കാട്ടിത്തരുകയാന് ഈ രണ്ട് ചിത്രങ്ങള്‍. ആദ്യത്തേത്, എല്ലാ ആഡംബരങ്ങളുടെയും നടുവില്‍ ഇരുന്നുകൊണ്ട് വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാഗരിക ബിഹാറിന്‍റെ കാഴ്ചയാണ്. രണ്ടാമത്തേത് അത്രയൊന്നും ഭാഗ്യവാന്മാരല്ലാത്തവരുടെ ദുരവസ്ഥയും, ജീവിത പോരാട്ടങ്ങളും വരച്ച് കാട്ടുന്നു. എല്ലാ വിധത്തിലുമുള്ള പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കൊണ്ട് തങ്ങളുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ചിറക് മുളപ്പിക്കുവാന്‍ ബുദ്ധിമുട്ടുന്നവരാണ് അവര്‍. തലസ്ഥാനമായ പട്‌നയില്‍ നിന്നും 372 കിലോമീറ്റര്‍ ദൂരെയാണ് പൂര്‍ണയ. ഈ ജില്ലയിലെ സാക്ഷരതയുടെ നിരക്ക് ഏതാണ്ട് 51 ശതമാനം വരും. ഈ ജില്ലയിലെ ഭാങ്ങി തോലയില്‍ ഏതാണ്ട് 50-60 കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. അവരുടെ കുട്ടികളില്‍ 30 ശതമാനവും സ്‌കൂളുകളില്‍ പോകുന്നില്ല. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്‍റെ ഈ യുഗത്തില്‍ ബാക്കിയുള്ള കുട്ടികള്‍ക്കും പഠനം ഒരു ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. സര്‍ക്കാരും സ്‌കൂള്‍ മാനേജ്‌മെന്‍റുകളുമൊക്കെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് കഴിഞ്ഞു. പക്ഷെ എല്ലാ കുട്ടികള്‍ക്കും അതത്ര എളുപ്പം കൈയ്യിലൊതുങ്ങുന്ന കാര്യമല്ല. അതുകൊണ്ടാണ് ദരിദ്രരും പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരുമായ മാതാപിതാക്കള്‍ തങ്ങളുടെ രോഷം സര്‍ക്കാരിനെതിരെ തിരിച്ച് വിടുന്നത്.
ഈ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കൊടുക്കുക എന്നുള്ളത് വളരെ പ്രയാസകരമായ കാര്യമാണ്. ഇവരില്‍ മിക്കവരും ശുചീകരണ തൊഴിലാളികളായി ശ്രദ്ധാപൂര്‍വം ജോലി ചെയ്യുന്നവരാണ്. മുന്‍സിപ്പല്‍ മേഖലയിലോ സര്‍ക്കാര്‍ ഓഫീസിലോ സര്‍ദാര്‍ ആശുപത്രിയിലോ ഒക്കെയായി അവര്‍ പ്രവര്‍ത്തിക്കുന്നു. 7000 മുതല്‍ 8000 രൂപ വരെ ശമ്പളത്തിനാണ് അവര്‍ ജോലി ചെയ്യുന്നത്. ഇവിടത്തെ ചില സ്‌ത്രീകള്‍ തോട്ടിപ്പണി ചെയ്യുന്നവരാണ്. മറ്റ് ചിലര്‍ വീടുകളില്‍ സഹായികളായി പണിയെടുക്കുന്നു. സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് വളരെ ആവേശത്തോടെ പലരും സംസാരിക്കുന്നുണ്ടാകാം. പക്ഷെ അതിന്‍റെ യാഥാര്‍ഥ്യം തീര്‍ത്തും വ്യത്യസ്‌തമാണ്. ദരിദ്രരായ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഓൺലൈന്‍ ക്ലാസുകള്‍ ഇപ്പോഴും ഒരു കിട്ടാക്കനിയായി തുടരുന്നു. അവരുടെ അധ്യാപകരേക്കാള്‍ കൂടുതല്‍ ആര്‍ക്കാണ് ഇതൊക്കെ നന്നായി അറിയാന്‍ കഴിയുക? ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാന്‍ ഈ മാതാപിതാക്കള്‍ പാടുപെടുമ്പോള്‍ അവരെങ്ങനെയാണ് തങ്ങളുടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കുക? ഒരുപക്ഷെ ഇതിന് ഒരുത്തരം ആരില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടാൻ സാധ്യതയില്ല. പക്ഷെ ഈ മൊബൈല്‍ റിപ്പയര്‍ ചെയ്യുന്ന കടയുടമക്ക് അത് നല്‍കാന്‍ കഴിയും.
“തങ്ങളുടെ മൗലികാവകാശമായ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി ഈ പാവപ്പെട്ട കുട്ടികള്‍ എന്തൊക്കെ പ്രയാസങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് വ്യക്തമായും അറിയാന്‍ കഴിയും.'' കടയുടമ വിദ്യാസാഗര്‍ പറയുന്നു. എല്ലാ പ്രയാസങ്ങളും മറി കടന്ന് കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ കഴിയുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അത് ഒരു വ്യത്യസ്‌തമായ അനുഭവവും ആകുന്നു. അതവരുടെ ആത്മവിശ്വാസത്തില്‍ വ്യക്തമായും പ്രതിഫലിച്ച് കാണാവുന്നതാണ്.
സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരുപോലെ ഓൺലൈന്‍ ക്ലാസുകള്‍ ഗുണം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളിന്‍റെ പ്രിന്‍സിപ്പലായ ബോല പ്രസാദ് അഭിനന്ദനീയമായ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. “നമുക്ക് എല്ലാമറിയാം ഏത് രാഷ്‌ട്രത്തിന്‍റേയും അടിസ്ഥാന ശില എന്നാല്‍ കുട്ടികളാണെന്ന്. അടിത്തറ ശക്തമായിട്ടില്ലെങ്കില്‍ എത്രത്തോളം കാലം ഒരു കെട്ടിടം നില നില്‍ക്കുമെന്നും, അത് എത്രത്തോളം ദുര്‍ബലമായിരിക്കുമെന്നും നമുക്ക് എളുപ്പം മനസിലാക്കാന്‍ കഴിയും. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ വിട്ട് വീഴ്ചകള്‍ക്ക് തയ്യാറായാല്‍ രാജ്യം മുഴുവന്‍ അതിന് വലിയ വിലയായിരിക്കും കൊടുക്കേണ്ടി വരിക. അതിനാല്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ക്ക് സര്‍ക്കര്‍ ചെവി കൊടുക്കേണ്ടത് അനിവാര്യമാണ്. അവരുടെ മാതാപിതാക്കളുടെ പരാതികള്‍ കേട്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്,'' ബോല പ്രസാദ് പറയുന്നു.