ന്യൂഡൽഹി: നോട്ട് നിരോധനമുണ്ടായ 2016 നും 2018 നുമിടയിൽ ഇന്ത്യയിൽ 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ എന്ന വിഷയത്തിൽ അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. എന്നാൽ ഈ പ്രവണതകളുടെ അടിസ്ഥാനത്തിൽ തൊഴിൽ നഷ്ടവും നോട്ടുനിരോധനവും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിച്ചത്. തൊഴിലില്ലായ്മ നിരക്ക് കുടുതലുളളതും ഇവരിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ തൊഴിലില്ലായ്മ കുത്തനെ ഉയർന്നു തുടങ്ങി. 2018 ൽ ഇത് ഏറ്റവും ഉയർന്ന് 6% ആയി. 2000–2011കാലത്തിന്‍റെ ഇരട്ടിയോളമാണിത്.
ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിലും തൊഴിലില്ലായ്മ വ്യാപകമാണ്. 20 -24 പ്രായപരിധിയിലുളളവരാണ് ഇതിൽപെടുക.
ഈ പ്രായക്കാർ നഗര തൊഴിൽ ജനസംഖ്യയിൽ 13.5%. തൊഴിലില്ലാത്തവരിൽ 60 ശതമാനവും വരും. 2016 നുശേഷം അസംഘടിത മേഖലയിലും വ്യാപകമായ തൊഴിൽനഷ്ടമുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൺസ്യൂമർ പിരമിഡ്‌സ് സർവേ ഓഫ് സെന്‍റർ ഫോർ മോനിറ്ററിങ് ദി ഇന്ത്യൻ ഇക്കോണമി (സിഎംഐഇ–സിപിഡിഎച്ച്) ഡേറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.