ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തെം കൊവിഡ് കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 62 ശതമാനം കൊവിഡ് സജീവ കേസുകളും 70 ശതമാനം കൊവിഡ് മരണങ്ങളും ഈ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
21.6 ശതമാനവുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ആന്ധ്ര 11.8 ശതമാനം, തമിഴ്‌നാട് 11 ശതമാനം, കർണാടക 9.5 ശതമാനം, ഉത്തർപ്രദേശ് 6.3 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ 26.76 ശതമാനം സജീവ കേസുകളും മഹാരാഷ്ട്രയിലാണ്. ആന്ധ്ര, 11.30 ശതമാനം, കർണാടക 11.25 ശതമാനം, ഉത്തർപ്രദേശ് 6.98 ശതമാനം, തമിഴ്‌നാട് 5.83 ശതമാനം എന്നിങ്ങനെയാണ് സജീവ കേസുകളുടെ കണക്കുകൾ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രയിൽ 11,915 പേരാണ് രോഗമുക്തി നേടിയത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ യഥാക്രമം 9575, 7826 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തമിഴ്‌നാടും ഉത്തർപ്രദേശും യഥാക്രമം 5820,4779 പേര്‍ വീതം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ അഞ്ച് സംസ്ഥാനങ്ങളും രാജ്യത്തിന്‍റെ രോഗമുക്തി നിരക്കിന്‍റെ 57 ശതമാനം നേടിയിട്ടുണ്ട്.
കാര്യക്ഷമമായ ചികിത്സ, ധ്രുത പരിശോധനക്കൊപ്പം ഒപ്റ്റിമൽ കണ്ടെയ്നർ നടപടികൾ എന്നിവയിലൂടെ കൊവിഡ് രോഗികളെ സുഖപ്പെടുത്തുകയും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇത് രാജ്യത്തെ മരണ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൻ പിന്തുടർന്ന് വീടുകളിലും സർക്കാർ സൗകര്യത്തിലുമുള്ള നിരീക്ഷണം രോഗമുക്തി നിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.