ലക്‌നൗ: ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ 17 പ്രതികളിൽ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പരിശോധന ഫലം വന്നയുടനെ മറ്റ് പ്രതികളെയും നാഗ്‌ഫാനി പൊലീസ് സ്റ്റേഷനില്‍ ക്വാറന്‍റൈനിലാക്കി. ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ ഏപ്രില്‍ 15നാണ് ആരോഗ്യ പ്രവര്‍ത്തകരും പൊലീസുകാരും ആക്രമിക്കപ്പെട്ടത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെയുള്ള പൊലീസുകാര്‍ പ്രതികളെ പിടികൂടുമ്പോഴും ജയിലിലേക്ക് മാറ്റുമ്പോഴും ഇവരുമായി ഇടപെഴുകിയിരുന്നു. അതിനാല്‍ എല്ലാ പൊലീസുകാരെയും ക്വാറന്‍റൈൻ ചെയ്‌തതായും സ്റ്റേഷൻ അണുവിമുക്തമാക്കിയതായും എസ്.എസ്.പി അമിത് പതക് പറഞ്ഞു. 73 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അതേസമയം കൊവിഡ് പോസിറ്റീവായ അഞ്ച് പ്രതികളെയും ഡല്‍ഹിയിലെ പൊതുവിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന താൽക്കാലിക ജയിലിലേക്ക് മാറ്റി.
മൊറാദാബാദില്‍ കൊവിഡ് രോഗികളുടെ 69 ആയി. ക്വാറന്‍റൈൻ കേന്ദ്രത്തില്‍ ജോലി ചെയ്‌തിരുന്ന ഡോക്‌ടറിനും നഴ്‌സിനുമുൾപ്പെടെ 15 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ ജില്ലാ ജയിലുള്ള ഒരാളുമുണ്ട്. കാർ മോഷ്‌ടിച്ച കുറ്റത്തിന് ഏപ്രിൽ 11നാണ് ഇയാൾ അറസ്റ്റിലായത്. തൊട്ടടുത്ത ദിവസമാണ് ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴ് പൊലീസുകാരെയും നിരീക്ഷണത്തിലാക്കി. മൊറാദാബാദില്‍ രാംപൂർ നിവാസിയായ 70കാരൻ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. പ്രമേഹ രോഗിയായ ഇയാൾ തീർത്ഥാങ്കർ മഹാവീർ യൂണിവേഴ്‌സിറ്റിയിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.