ഗുവാഹത്തി: അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വ്യാജമായി പണം പിൻവലിച്ച കേസിൽ അഞ്ച് പേരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. മുഹമ്മദ് ആരിഫ്, മുഹമ്മദ് ആസിഫ്, ശ്രീ ലാൽജി, സർവേഷ് റാവു, രവീന്ദ്ര കുമാർ എന്നിവരെ മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ഫണ്ടിലെ ചില ഇടപാടുകൾ അസം മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വഞ്ചനാപരമായ പണം പിൻവലിക്കലുകളെ തുടർന്ന് വിഷയത്തിൽ അന്വേഷണം ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ പ്രതികള്‍ ബസ്തി, ഗോരഖ്പൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തി. ഓഗസ്റ്റ് 27ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ചില സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയാണ് കേസുമായി ബന്ധപ്പെട്ട അഞ്ച് പേരെ പിടികൂടിയത്. ഇവരെ ബസ്തി ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡിൽ അസമിലെത്തിച്ചു.