ന്യൂഡൽഹി: വ്യാജ ഇ-പാസുകൾ ഉപയോഗിച്ച് രണ്ട് ടെമ്പോകളിലായി അതിഥി തൊഴിലാളികളെ ബിഹാറിലേക്ക് കടത്തിയ അഞ്ച് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗർ സ്വദേശികളായ നംനു പ്രസാദ് (28), രാകേഷ് മോഹൻ (42), ബിവാന സ്വദേശികളായ ക്രിഷൻ മോഹൻ (45), മോഹിത് നാഗ്പാൽ (33), ഗോഗാ ഡയറി സ്വദേസി ശങ്കർ ചൗധരി (45) എന്നിവരാണ് പിടിയിലായത്.
ഹരിയാനയിലെ പാനിപ്പട്ടിലുള്ള ഒരാൾക്ക് ഇ-പാസുകൾ നൽകിയതായും അറസ്റ്റിലാവർ പറഞ്ഞു. തിങ്കളാഴ്ച രാത്രി ബവാനയിലാണ് സംഭവം. മുസാഫർപൂരിലേക്ക് പോവുകയായിരുന്ന 24 അതിഥി തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഗൗരവ് ശർമ പറഞ്ഞു. ബവാനയിൽ വച്ച് ഇവർ സഞ്ചരിച്ച രണ്ട് ടെമ്പോകൾ പൊലീസ് തടഞ്ഞു.
പാനിപട്ട് ജില്ലാ മജിസ്‌ട്രേറ്റ് നൽകിയ ഇ-പാസുകൾ ഡ്രൈവർമാർ കാണിച്ചു. അന്വേഷണത്തിൽ എല്ലാ തൊഴിലാളികളും തങ്ങൾ ബവാനയിലെ താമസക്കാരാണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസ് പാസുകളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്തെങ്കിലും അത് വായിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു പാസിലെ ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ പാനിപ്പറ്റ് നിവാസികൾക്ക് വിവാഹ ചടങ്ങിനായി നൽകിയ പാസാണെന്ന് മനസ്സിലായി. മറ്റ് ഇ-പാസുകൾ വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ബവാനയിൽ പലചരക്ക് കട നടത്തുന്ന മോഹിത് നാഗ്പാൽ ലോക്ക് ഡൗൺ സമയത്ത് സ്വന്തം നാടുകളിൽ എത്തിക്കാമെന്ന് കടയിൽ നിന്ന് സാധനം വാങ്ങിയ തൊഴിലാളികളോട് പറഞ്ഞു. മറ്റുള്ളവരും അദ്ദേഹത്തോടൊപ്പം ചേർന്നു. യാത്രക്കായി ഓരോ തൊഴിലാളികളുടെ കയ്യിൽ നിന്നും 5,200 രൂപ ഈടാക്കി.