ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ 2019 ന് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് അനുമതി നല്‍കിയതിന് പിന്നാലെ പശ്ചിമ ബംഗാള്‍,പഞ്ചാബ്,കേരള,ഛത്തീസ്ഖണ്ഡ്,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പൗരത്വ ബില്‍ നിരസിച്ചു.
ഭരണഘടനാ വിരുദ്ധ ബില്ലിന് കേരളത്തില്‍ സ്ഥാനമില്ലെന്നും നിയമം മതേതരത്വത്തെ നിരാകരിക്കുന്നതാണെന്നും ലക്ഷ്യം വര്‍ഗീയതയാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ബില്ലിന് കേരളത്തില്‍ സ്ഥാനമില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ ബില്‍ ബംഗാളില്‍ ഒരിക്കലും അനുവദിക്കില്ലെന്നും നിയമം നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരിന് സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാകില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ ബില്‍ നിയമം ഇന്ത്യയെ വിഭജിക്കും അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്ത് ഒരാള്‍ പോലും രാജ്യം വിടേണ്ടതില്ലെന്നും മമത ബാനർജി കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ഭരണഘടനയെ മലിനപ്പെടുത്തുന്നതും അതിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നതുമായ ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.