ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡാറ്റ സുരക്ഷിതമെങ്കില്‍ ചൈനീസ് കമ്പനികള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാമെന്ന് 49 ശതമാനം ഇന്ത്യക്കാര്‍ വിശ്വസിക്കുന്നതായി സര്‍വെ ഫലം. എന്നാല്‍ ഉഭയോക്താക്കളുടെ ഡാറ്റ സുരക്ഷിതമായിരിക്കണമെന്നും അവ ഇന്ത്യക്ക് പുറത്തെത്തരുതെന്നും സര്‍വെയില്‍ പറയുന്നു. ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വെയില്‍ 35 ശതമാനം ആളുകള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് എതിര്‍ക്കുകയും 14 ശതമാനം ഇന്ത്യന്‍ നിര്‍മിത വസ്‌തുക്കള്‍ മാത്രം രാജ്യത്ത് വില്‍ക്കുന്നതിനെ പിന്തുണക്കുകയും ചെയ്‌തു. 25 ശതമാനം പേര്‍ ഡാറ്റ സുരക്ഷിതത്വം ഉറപ്പുവരുത്തിയാല്‍ മാത്രമേ ഇത്തരം കമ്പനികള്‍ ഇന്ത്യന്‍ നിര്‍മിത വസ്‌തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് അഭിപ്രായപ്പെട്ടു. ഡാറ്റ കൈമാറില്ലെങ്കില്‍ എല്ലാ ഉല്‍പന്നങ്ങളും വില്‍ക്കാമെന്ന് 20 ശതമാനം അഭിപ്രായപ്പെട്ടു. ചൈനീസ് ഉല്‍പന്നങ്ങളുടെ വില്‍പന അനുവദിക്കണമെന്ന് 2 ശതമാനം പേര്‍ മാത്രമാണ് പറഞ്ഞത്.
ചൈനീസ് നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനിക്കെതിരെ നടപടിയെടുക്കണോയെന്ന ചോദ്യത്തിന് 10 ശതമാനത്തിലധികം ഉടമസ്ഥാവകാശം ഉണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന് 30 ശതമാനം ആളുകളുടെ പ്രതികരണം സര്‍വെയില്‍ രേഖപ്പെടുത്തി. 27 ശതമാനം പേര്‍ അത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്നും എന്നാല്‍ ചൈനീസ് ഡയറക്‌ടര്‍മാര്‍ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ 11 ശതമാനം പേര്‍ കമ്പനികള്‍ക്കെതിരെ ഒരു നടപടിയും എടുക്കേണ്ടന്ന് ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ഉപേക്ഷിച്ചാല്‍ പരിണിത ഫലം എന്തായിരിക്കുമെന്ന് 3000ത്തോളം ചെറു ബിസിനസുകാരോട് ചോദിച്ചപ്പോള്‍ 7 ശതമാനം പേര്‍ വളരെ മോശമായ പ്രത്യാഘാതമുണ്ടാക്കുമെന്നും 20 ശതമാനം പേർ ദോഷകരമായിരിക്കുമെന്നും പറഞ്ഞു. എന്നാല്‍ മികച്ച ഫലമാണ് ചൈനയുമായുള്ള സാമ്പത്തിക ബന്ധം ഉപേക്ഷിക്കുന്നതിലൂടെയുണ്ടാവുകയെന്ന് 10 ശതമാനം അവകാശപ്പെട്ടു. 14 ശതമാനം പേര്‍ ഒരു പരിധി വരെ മികച്ച ഫലമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. 42 ശതമാനം പേര്‍ തങ്ങളുടെ ബിസിനസിനെ അത്തരം തീരുമാനം ബാധിക്കില്ലെന്ന് വ്യക്തമാക്കി.