മുംബൈ: 42,000ത്തോളം അതിഥി തൊഴിലാളികൾ ട്രെയിന്‍ മാർഗം സ്വദേശത്തേക്ക് മടങ്ങിയതായി മഹാരാഷ്‌ട്ര സർക്കാർ വ്യക്തമാക്കി. ഇതിനായി 35 ട്രെയിനുകൾ ഉപയോഗിച്ചെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് ഭീതിയെ തുടർന്ന് മുംബൈ ഉൾപ്പെടെ മഹാരാഷ്‌ട്രിയിലെ വിവിധ ഇടങ്ങളില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്കുള്ള പാലായനം തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങുമെന്നാണ് സൂചന. ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിന്‍ മാർഗം ദൂര ദേശങ്ങളിലേക്ക് പോകുന്ന തൊഴിലാളികളുടെ തിരക്ക് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പതിവായി അനുഭവപ്പെടുന്നുണ്ട്.
ഇത്തരത്തിലുള്ള കുടിയേറ്റ തൊഴിലാളികൾക്കായി മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോർട്ട് കോർപറേഷന്‍ 300ഓളം ബസുകൾ അനുവദിച്ചു. ബസ് മാർഗം തൊഴിലാളികളെ മഹാരാഷ്‌ട്രയുടെയും മധ്യപ്രദേശിന്‍റെയും വിവിധ അതിർത്തി പ്രദേശങ്ങളില്‍ എത്തിച്ചു. കാല്‍നടയായി വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികൾക്കും സര്‍ക്കാര്‍ ബസ് സൗകര്യം ലഭ്യമാക്കുന്നുണ്ട്.