ന്യൂഡൽഹി: 41 സിഐഎസ്‌എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൈനിക വിഭാഗത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 800 കടന്നു. 240 സിആർപിഎഫ് ജവാന്മാർ, 82 ഐടിബിപി ഉദ്യോഗസ്ഥർ, 303 ബിഎസ്‌എഫുകാർ, 18 എസ്‌എസ്‌ബി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 55 കാരനായ എഎസ്‌ഐ തിങ്കളാഴ്‌ച കൊൽക്കത്തയിൽ വെച്ച് മരിച്ചു. രണ്ട് ബിഎസ്‌എഫ് ഉദ്യോഗസ്ഥരും, ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനും ഉൾപ്പെടെ സൈനിക വിഭാഗത്തിലെ കൊവിഡ് മരണം ആറായി ഉയർന്നു.
കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സിഐഎസ്‌എഫ് എഎസ്‌ഐയും, മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ച് നേരത്തെ മരിച്ചു. ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്ന് പേർക്കും, ഡൽഹി മെട്രോയിലെ സുരക്ഷാ ഉദ്യോഗസ്ഥരായ 28 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ 39 ഉദ്യോഗസ്ഥർക്കും, മുംബൈയിൽ 32 പേർ, അഹമ്മദാബാദിൽ അഞ്ച് പേർ, നോയിഡയിൽ രണ്ട് പേർ എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഒമ്പത് ബിഎസ്‌എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.