ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ധർബാലിൽ നാല് ബിജെപി പ്രവർത്തകർ രാജിവച്ചു. ബി.ജെ.പിയുടെ ഒ.ബി.സി ‘മോർച്ച’ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജർ ഭീകരാക്രമണത്തിൽ മരിച്ചതിനെതുടർന്ന് പ്രാദേശിക നേതാക്കൾക്കിടയിൽ ഭയം ഉള്ളതായും നിരവധി നേതാക്കൾ പാർട്ടി വിട്ടതായും റിപ്പോർട്ടുകളുണ്ട്.മുഷ്താഖ് അഹ്മദ് ഖാൻ ജില്ലാ പ്രസിഡന്റ് ഒ.ബി.സി മോർച്ച ഗബ്ബെർബാൽ, ഫറോസ് അഹ്മദ് മല്ല ജില്ലാ വൈസ് പ്രസിഡന്റ് മുദാസിർ അഹ്മദ് നജർ, മുഹമ്മദ് സാദിക് ടിപ്ലൂ ജില്ലാ സെക്രട്ടറി ഗന്ധർബാൽ എന്നിവരാണ് രാജിവച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ തീവ്രവാദികൾ ലക്ഷ്യമിട്ട നാലാമത്തെ ബിജെപി പ്രവർത്തകനാണ് അബ്ദുൽ ഹമീദ് നജർ. ഓഗസ്റ്റ് ആറിന് കുൽഗാമിലെ വെസു ഗാസിഗണ്ടിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർപഞ്ച് സജാദ് അഹ്മദ് ഖണ്ടെയെയും ഭീകരർ വെടിവച്ച് കൊന്നിരുന്നു. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ വസീം അഹ്മദ് ബാരി എന്ന ബിജെപി നേതാവിനെയും പിതാവിനെയും സഹോദരനെയും തീവ്രവാദികൾ വെടിവച്ചു കൊന്നിരുന്നു.