കൊൽക്കത്ത: കൊൽക്കത്തയിൽ കവാസകി രോഗവും കൊവിഡ് മഹാമാരിയും ഒരേസമയം പിടിപെട്ട നാലു മാസം പ്രായമായ കുഞ്ഞിന് രോഗമുക്തി. കൊവിഡ് വ്യാപനം ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതിനിടെ കൊൽക്കത്തയിൽ നിന്നാണ് ഈ സന്തോഷവാർത്ത.
കടുത്ത പനിയും നിർത്താതെയുള്ള കരച്ചിലുമായാണ് ഹൂഗ്ലി സ്വദേശിയായ കുഞ്ഞിനെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശരീരത്തിൽ തിണർപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതോടെ കുഞ്ഞിന് കവാസകി രോഗം പിടിപെട്ടതായി കണ്ടെത്തി. കുഞ്ഞുങ്ങളിൽ അപൂർവമായി കണ്ടുവരുന്ന ഒന്നാണ് കവാസകി രോഗം. ചികിത്സ ലഭ്യമാണെങ്കിലും രോഗം ഗുരുതരമാണ്.
കുഞ്ഞിന് ചികിത്സ തുടരവെയാണ് കൊവിഡ് മഹാമാരിയും ബാധിച്ചതായി കണ്ടെത്തിയത്. ആരോഗ്യ വിദഗ്‌ധരെ സംബന്ധിച്ചിടത്തോളം അൽപം സങ്കീർണമായിരുന്നു ഈ കേസ്. എന്നാൽ മികച്ച ചികിത്സയും ഭാഗ്യവും ഒത്തുചേർന്നപ്പോൾ കേവലം ഒരാഴ്ചകൊണ്ട് തന്നെ കുഞ്ഞ് സുഖം പ്രാപിച്ചു. 10 ദിവസത്തെ ചികിത്സ കഴിയുമ്പോഴേക്കും കുഞ്ഞിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ ജേണലിന്‍റെ ഓൺലൈൻ പതിപ്പിൽ നാല് മാസം പ്രായമായ ഈ കുഞ്ഞിന്‍റെ അസാധാരണമായ കേസ് ഇതിനോടകം ഉൾപ്പെടുത്തി കഴിഞ്ഞു.