അഗർത്തല: ത്രിപുരയിൽ 206 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,675 ആയി ഉയർന്നു. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ പത്തായി. അഗർത്തല മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 76 കാരനാണ് മരിച്ചത്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം എന്നീ രോഗങ്ങളും ഇയാളെ ബാധിച്ചിരുന്നു. 4,473 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 206 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അറിയിച്ചു. സംസ്ഥാനത്ത് 1,575 പേർ ചികിത്സയിൽ തുടരുമ്പോൾ 2,072 പേർ രോഗമുക്തി നേടി. 18 പേർ ഇതരസംസ്ഥാനങ്ങളിലേക്ക് പോയി.
കൊവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി മനോജ് കുമാർ ഉൾപ്പെടെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മികച്ചതും ഫലപ്രദവുമായ രീതിയിലുള്ള റിപ്പോർട്ടുകൾ തയ്യാറാക്കിയതായും സ്ഥിതി നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗനിയന്ത്രണ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്‌ച മുതൽ വീടുകൾ തോറുമുള്ള സർവേ ആരംഭിക്കുമെന്ന് സംസ്ഥാന നിയമമന്ത്രിയും കാബിനറ്റ് വക്താവുമായ രത്തൻ ലാൽ നാഥ് പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യമായ സുരക്ഷാ കിറ്റുകൾ നൽകിയിട്ടുണ്ടെന്നും കൂടാതെ അടിയന്തര ആവശ്യങ്ങൾക്കായി 75,000 കിറ്റുകൾ കൂടി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്‌മ ബാങ്ക് സ്ഥാപിക്കുന്നതിനും കൊവിഡ് ആശുപത്രികളിലെ കിടക്കകൾ വർധിപ്പിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.