ഹൈദരാബാദ്: കൊവിഡ് 19 ബാധിച്ച് മരിച്ച കര്‍ണാടക സ്വദേശിയുമായി നേരിട്ട് ഇടപഴകിയ തെലങ്കാനയിലെ 34 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. മാര്‍ച്ച് 12നായിരുന്നു കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി കൊവിഡ് 19 ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ച ആദ്യ വ്യക്തി കൂടിയായിരുന്നു ഇയാൾ. ഹൈദരാബാദിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഇയാൾ ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളുമായി നേരിട്ട് ഇടപഴകിയ ഡോക്‌ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് നിരീക്ഷണമേര്‍പ്പെടുത്തിയത്. മരിച്ചയാളുമായി കൂടുതൽ ആളുകൾ നേരിട്ട് ഇടപഴകിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി പബ്ലിക് ഹെല്‍ത്ത് ഡയറക്‌ടര്‍ ജി.ശ്രീനിവാസ റാവു അറിയിച്ചു.
ചികിത്സയിലായിരുന്ന ആശുപത്രികളില്‍ കൊവിഡ് 19 പരിശോധന നടത്തിയിരുന്നെങ്കിലും പരിശോധനാ ഫലം വരുന്നതിന് മുമ്പ് ബന്ധുക്കൾ ഇയാളെ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം 143 പേരാണ് തെലങ്കാനയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 26 പേര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ബാക്കിയുള്ളവര്‍ വീട്ടിലെ നിരീക്ഷണത്തിലുമാണ്.