കൊൽക്കത്ത: പശ്ചിമബംഗാളിൽ മുന്നൂറോളം നഴ്‌സുമാർ ജോലിയിൽ നിന്ന് രാജിവച്ച് മണിപ്പൂരിലേക്ക് പുറപ്പെട്ടതായി കൊൽക്കത്തയിലെ മണിപ്പൂർ ഭവനിലെ ഡെപ്യൂട്ടി റെസിഡൻസ് കമ്മിഷണർ ജെ.എസ്. ജോയ്‌റിത അറിയിച്ചു. ജനങ്ങളിൽ നിന്ന് കടുത്ത വിവേചനവും വിഭാഗീയതയും നേരിടേണ്ടി വരുന്നതും വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിപിഇ കിറ്റുകളുടെ അഭാവവുമാണ് കൊൽക്കത്തയിലെ നഴ്‌സുമാർ കൂട്ടരാജി സമർപ്പിക്കാൻ കാരണമായത്. ഇനിയും അറുപതോളം നഴ്‌സുമാർ കൂടി മണിപ്പൂരിലേക്ക് പുറപ്പെടും. സ്വദേശത്തേക്ക് മടങ്ങുകയാണെന്ന് അറിയിച്ചുകൊണ്ട് നിരവധി ഫോൺകോളുകളാണ് ലഭിക്കുന്നത്. 185 നഴ്‌സുമാർ കൊൽക്കത്തയിലെ ആശുപത്രികളിൽ നിന്ന് ജോലി ഉപേക്ഷിച്ച് ഇംഫാലിലേക്ക് തിരിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ ചുമതലകൾ ഉപേക്ഷിച്ചതിൽ സന്തോഷിക്കുന്നില്ലെന്നും, എങ്കിലും ആളുകളുടെ വിവേചനവും വിഭാഗീയതയും അസഹനീയമാണെന്നും ഒരു നഴ്‌സ് തുറന്നു പറഞ്ഞു. ചിലപ്പോൾ അവർ ഞങ്ങൾക്ക് നേരെ തുപ്പും. ഞങ്ങൾ പോകുന്നിടത്തെല്ലാം ആളുകൾ ഞങ്ങളെ ചോദ്യം ചെയ്യുന്നു. കൂടാതെ, കൊവിഡ് ശുശ്രൂഷ നടത്തുമ്പോൾ ഉപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങളായ പിപിഇ കിറ്റുകളും ലഭ്യമല്ലെന്ന് അവർ പരാതിപ്പെടുന്നു.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പശ്ചിമ ബംഗാളിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2961 ആണ്. 1074 രോഗികൾ സുഖം പ്രാപിച്ചു. ഇതുവരെ, 250 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,06,750 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 പേരാണ് മരിച്ചത്. ഇതോടെ, വൈറസ് ബാധയിൽ മൊത്തം 3,303 പേർക്ക് ജീവൻ നഷ്‌ടമായി. ഇന്ത്യയിൽ നലവിൽ ചികിത്സയിലുള്ളത് 61,149 രോഗികളാണ്. രാജ്യത്ത് ഇതുവരെ, 42,298 ആളുകൾ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു.