മുംബൈ:മുംബെയിൽ 30 മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞയാഴ്‌ച സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിൽ 30 മാധ്യമ പ്രവർത്തകർക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയെന്നും ഇവയിൽ ഭൂരിഭാഗവും ടെലിവിഷൻ രംഗത്തുള്ള മാധ്യമപ്രവർത്തകരാണെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, വൈറസ് ബാധയുള്ള മാധ്യമപ്രവർത്തകരുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇത് മുപ്പതോ അതിൽ കൂടുതലോ ആകാനാണ് സാധ്യതയെന്ന് ടിവി ജേണലിസ്റ്റ് അസോസിയേഷൻ (ടിവിജെഎ) പ്രസിഡന്‍റ് വിനോദ് ജഗ്ദേൽ അറിയിച്ചു.
മിക്കവർക്കും ലക്ഷണങ്ങള്‍ പ്രകടമല്ലെന്നും ഇവരെ ഗാർഹിക നിരീക്ഷണത്തിന് അയച്ചതായും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ (ബിഎംസി) ഒരു ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഇനിയും കുറച്ചു പേരുടെ കൂടി പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിവിജെഎയും നിയമസഭ റിപ്പോർട്ടർമാരുടെ സംഘടനയും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സ്ക്രീനിംഗ് ക്യാമ്പ് നടത്താൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ബിഎംസിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന്, പ്രിയങ്ക ചതുർവേദി എംപിയുടെ നേതൃത്വത്തിൽ മുംബൈ പ്രസ് ക്ലബിന് സമീപം ഈ മാസം 16,17 തീയതികളിൽ സംഘടിപ്പിച്ച ക്യാമ്പിൽ റിപ്പോർട്ടർമാരും ക്യാമറ പേഴ്‌സണും ഉൾപ്പടെ 171 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.