കാണ്‍പൂര്‍: ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആറ് വയസുള്ള അനന്തരവനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ സുരക്ഷക്ക് നിയോഗിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബലാത്സംഗം ചെയ്തവര്‍ക്കെതിരെ പരാതി കൊടുത്ത ഇരയെ കഴിഞ്ഞ വര്‍ഷം പ്രതികള്‍ തീയിട്ട് കൊല്ലുകയായിരുന്നു. ഗണ്ണർ നരേന്ദ്ര കുമാർ യാദവ്, കോൺസ്റ്റബിൾ രാജേഷ് കുമാർ, ലേഡി കോൺസ്റ്റബിൾ അനുജ് എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ ഇൻസ്പെക്ടർ ജനറൽ (ലഖ്‌നൗ റേഞ്ച്) ലക്ഷ്മി സിംഗ് ഉത്തരവിട്ടു. വെള്ളിയാഴ്ച വൈകി നടന്ന സംഭവത്തെക്കുറിച്ച് കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കുട്ടിയെ കണ്ടെത്താൻ അന്വേഷണവും തിരച്ചിൽ പ്രവർത്തനവും നടക്കുകയാണ്. ക്യാപ്റ്റൻ ബാജ്‌പായ്, സരോജ് ത്രിവേദി, അനിത, സുന്ദര ലോഡ്, ഹർഷിത് ബാജ്‌പായ് എന്നിവരുടെ പേരുകളാണ് പരാതിയിൽ ഉള്ളത്. എല്ലാവരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. ബലാത്സംഗത്തിനിരയായ കേസിലെ പ്രതികളായ ശുഭം, ശിവം ത്രിവേദി, ഹരിശങ്കർ, ഉമേഷ്, രാം കിഷോർ എന്നിവരുമായി ബന്ധപ്പെട്ടവരാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ 2019 ഡിസംബർ 5 ന് പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസത്തിന് ശേഷം അവൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാണാതായ കുട്ടിയെ കണ്ടെത്താന്‍ ബിഹാർ, ബരാസാഗ്വാർ, പൂർവ, മൗറവാൻ, ബിഗാപൂർ എന്നിവയുൾപ്പെടെ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയെ ഉടൻ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി പറഞ്ഞു.