ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട ജെ.കെ ലോൺ ആശുപത്രിയിൽ ബുധനാഴ്ച മൂന്ന് കുട്ടികൾ കൂടി മരിച്ചു. രണ്ട് നവജാതശിശുക്കളും ഒന്നര മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഇതേടെ സംസ്ഥാനത്ത് മരിക്കുന്ന കുട്ടികളുടെ എണ്ണം 116 ആയി. ന്യുമോണിയ ബാധിച്ചാണ് ഒടുവിലായി കുട്ടി മരിച്ചത്. കുട്ടിക്ക് ഒന്നരമാസമായിരുന്നു പ്രായം. നവജാതശിശു അഞ്ച് ദിവസമായി ഐസിയുവിലായിരുന്നു.
ആരോഗ്യമന്ത്രി രഘു ശർമ്മ, സംസ്ഥാന ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരും ജെ കെ ലോൺ ആശുപത്രി സന്ദർശിച്ചു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ഇതിനൊപ്പം സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി വൈഭവ് ഗലേറിയ, എസ്എംഎസ് ഡോക്ടർ എന്നിവരും അന്വേഷണത്തിനായി ഇവിടെയെത്തിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ സംഘവും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകും. ഡോക്ടര്‍മരോട് പരിശോധനയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.