റായ്‌പൂര്‍: ഛത്തീസ്‌ഗണ്ഡിലെ ദന്തേവാഡ ജില്ലയില്‍ 28 നക്‌സലുകള്‍ കീഴടങ്ങി. റായ്‌പൂരില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെ കറ്റെകല്യാണില്‍ പുതുതായി ആരംഭിച്ച ചിക്‌പാല്‍ പൊലീസ് ക്യാമ്പിലാണ് നക്‌സലുകള്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ 'പ്ലാറ്റൂണ്‍ നമ്പര്‍ 22' അംഗമായ മംഗ്ലു മഡ്‌കാമി, കറ്റെകല്യാണ്‍ ലോക്കല്‍ ഓര്‍ഗനൈസേഷന്‍റെ ഭാഗമായ ബമന്‍ കവാസി എന്നിവരുടെ തലക്ക് രണ്ട് ലക്ഷം രൂപ വീതം പ്രതിഫലമുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.
സാംസ്‌കാരിക സംഘടനയായ ചെത്ന നാട്യ മണ്ഡലിയുടെ കമാന്‍ഡറും വനിത നക്‌സലുമായ പോഡിയാമി ഗംഗി, ഹണ്ട എന്നിവരുടെ തലക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം ഉണ്ടായിരുന്നെന്നും ബാക്കിയുള്ള 24 പേര്‍ 'ജാന്‍ മിലിഷ്യ' കേഡറില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള വിഘടനവും ജന്മനാട്ടില്‍ വികസനം കാണാനുള്ള ആഗ്രഹവും കൊണ്ടാണ് കീഴടങ്ങിയതെന്ന് നക്‌സലുകള്‍ പൊലീസിനോട് പറഞ്ഞു.
28 പേര്‍ക്കും10,000 രൂപ വീതം നല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ 'സറണ്ടര്‍ ആന്‍റ് റിഹാബിലിറ്റേഷന്‍' നയമനുസരിച്ച് കൂടുതല്‍ സഹായം നല്‍കുമെന്ന് എസ്‌പി പറഞ്ഞു.