ന്യൂഡല്‍ഹി: 320 കോടിയുടെ 28 ഭക്ഷ്യ സംസ്‌ക്കരണ പദ്ധതികള്‍ക്ക് കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ അംഗീകാരം. ഇന്‍റര്‍ മിനിസ്റ്ററിയല്‍ അപ്രൂവല്‍ കമ്മിറ്റിയുടെ യോഗത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി നരേന്ദ്ര സിങ് തോമര്‍ 320.33 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് 107.42 കോടിയുടെ ഗ്രാന്‍റും അനുവദിക്കും. 28 പദ്ധതികള്‍ 10 സംസ്‌ഥാനങ്ങളില്‍ ആരംഭിക്കുന്നതോടെ ഏകദേശം 10,000 ആളുകള്‍ക്ക് ജോലി ലഭിക്കും.
പ്രതിദിനം 1237 മെട്രിക് ടണ്‍ പ്രൊസസിംഗ് ശേഷിയുള്ള 28 പദ്ധതികളും മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ജമ്മു കശ്‌മീര്‍, കര്‍ണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ആരംഭിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു. ഇതില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 20.35 കോടി രൂപയുടെ ഗ്രാന്‍റ് സഹിതം 48.87 കോടിയുടെ ആറ് പദ്ധതികളും ഉള്‍പ്പെടുന്നു.