ഷില്ലോംഗ്: മേഘാലയയിൽ പുതുതായി 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 902 ആയി. പുതിയ രോഗികളിൽ 13 ബിഎസ്എഫ് ഉദ്യോഗസ്ഥരും ഏഴ് പേർ സായുധ സേനയിലുള്ളവരുമാണെന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ പുതിയതായി 21 പേർക്കും റി-ഭോയ് പ്രദേശത്ത് അഞ്ച് പേർക്കും വെസ്റ്റ് ജയന്തിയ ഹിൽസ് ജില്ലകളിൽ രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ സംസ്ഥാനത്ത് 633 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. മേഘാലയയിൽ അഞ്ച് പേർ കൂടി രോഗമുക്തരായതോടെ ആകെ കൊവിഡ് മുക്തർ 264 ആയി. സംസ്ഥാനത്ത് ആകെ അഞ്ച് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ശനിയാഴ്‌ച വരെ 37,728 കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും 24,344 പേർ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതായും അധികൃതർ വ്യക്തമാക്കി.