ഷില്ലോംഗ്: മേഘാലയയുടെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയില്‍ തുടർച്ചയായ മഴയെത്തുടർന്ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ദേശീയ തലത്തിൽ സംസ്ഥാനത്തിനായി കളിച്ച ക്രിക്കറ്റ് താരങ്ങളായ റസിയ അഹമ്മദ്, പ്രാദേശിക കളിക്കാരിയായ ഫിറോസിയ ഖാൻ എന്നിവരുടെ മൃതദേഹങ്ങൾ മാവ്നി പ്രദേശത്തെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു.കാണാതായവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ പോലീസ് സൂപ്രണ്ട് സിൽവെസ്റ്റർ നോങ്ടിഞ്ചർ പറഞ്ഞു.
2011-12 മുതൽ വിവിധ ദേശീയ തലത്തിലുള്ള ടൂർണമെന്റുകളിൽ റസിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് മേഘാലയ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗിദിയോൻ ഖാർകോംഗോർ പറഞ്ഞു. പ്രകൃതിദുരന്തത്തിൽ ഉണ്ടായ മരണത്തില്‍ മറ്റ് കളിക്കാരും അനുശോചിച്ചു. റസിയയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായി വനിതാ ക്രിക്കറ്റ് താരം കക്കോളി ചക്രബർത്തി അറിയിച്ചു. അതേസമയം, തിങ്കളാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തൊട്ടാകെ നാശനഷ്ടമുണ്ടാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഷില്ലോങ്ങിലെ ക്വാർട്ടേഴ്സിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികളും വ്യാഴാഴ്ച മരിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജില്ലയിലെ ഗതാഗതം താറുമാറായി. എൻഎച്ച് -62 ൽ സ്ഥിതി ചെയ്യുന്ന ദുംനികുര തടികൊണ്ടുള്ള പാലം ഒഴുകിയതിനെത്തുടർന്ന് വെസ്റ്റ് ഗാരോ ഹിൽസിൽ നിന്ന് സൗത്ത് ഗാരോ ഹിൽസ് ഒറ്റപ്പെട്ടു. എൻഎച്ച് -62 അടച്ചിടുമെന്നും സൗത്ത് ഗാരോ ഹിൽസിലെ ബാഗ്മാര പട്ടണം ബന്ധിപ്പിക്കുന്നതിന് പിഡബ്ല്യുഡി ബദൽ മാർഗങ്ങൾ തേടുകയാണെന്നും വെസ്റ്റ് ഗാരോ ഹിൽസ് ഡെപ്യൂട്ടി കമ്മീഷണർ രാം സിംഗ് പറഞ്ഞു. മണ്ണിടിച്ചിലിൽ സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി ഗ്രാമ റോഡുകളും ദേശീയപാതകളും നശിച്ചു.