ന്യൂഡൽഹി: സർക്കാരിന്‍റെ കൈവശമുള്ള ഭൂമിയിൽ അനധികൃതമായി കച്ചവടം നടത്തിയ സ്ത്രീയെ ലാത്തി ഉപയോഗിച്ച് മർദിച്ച രണ്ട് ഡൽഹി പൊലീസ് കോൺസ്റ്റബിൾമാർക്ക് സ്ഥാനമാറ്റം. ശാസ്ത്രി പാർക്ക് പൊലീസ് സ്റ്റേഷനിലെ സഞ്ജീവ്, ജയ്‌ചന്ദ് എന്നീ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി എടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിക്കാണ് മുനി ദേവിയെന്ന സ്‌ത്രീയെ പൊലീസ് ലാത്തി വീശി മർദിച്ചത്. രണ്ട് പൊലീസുകാരും മുനി ദേവിയെ അടിക്കുന്നതും അമ്മയെ ഉപദ്രവിക്കാതിരിക്കാൻ മകൾ പൊലീസുകാരെ തടയുന്നതും വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് കോൺസ്റ്റബിൾമാർക്ക് താൽക്കാലികമായി സ്ഥാനമാറ്റം നൽകുകയും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തത്.
വടക്ക്- കിഴക്കൻ ഡൽഹിയുടെ ഭാഗങ്ങളിലെ സർക്കാർ ഭൂമിയിൽ അനധികൃതമായി ഒരുകൂട്ടം ആളുകൾ കച്ചവടം നടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ സ്ഥലത്തെത്തി കടകൾ അടക്കാൻ നിർദേശിച്ചു. എന്നാൽ, പൊലീസുകാരോട് കൂട്ടത്തിൽ ചിലർ അസഭ്യം പറയാൻ തുടങ്ങിയതോടെയാണ് സംഘർഷത്തിന് ഇടയാക്കിയത്. കോൺസ്റ്റബിൾമാരെ ശാരീരികമായി ആക്രമിച്ചപ്പോൾ ഇരുവരും ലാത്തി വീശി ആക്രമണത്തെ തടുക്കുകയായിരുന്നു എന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിശദീകരിച്ചത്. സംഘർഷത്തിൽ കോൺസ്റ്റബിൾ സഞ്ജീവ്, മുനി ദേവി, മകൾ സോണി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.