ലഖ്‌നൗ: വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകനെ നേരെ ആസിഡ് ആക്രമണം നടത്തിയ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. അലിഗഢിലെ ജീവൻഗഡിലാണ് സംഭവം. ആക്രമണത്തിന് ഇരയായ ആൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷൻ 326 എ പ്രകാരം പെൺകുട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ഇരുവരും പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഒരു മാസം മുമ്പ് പെൺകുട്ടിയുമായി സംസാരിക്കുന്നത് മകൻ നിർത്തിയിരുന്നതായും ഇരയുടെ അമ്മ പറഞ്ഞു. വിവാഹം കഴിക്കാൻ പെൺകുട്ടി സമ്മർദം ചെലുത്തിയിരുന്നു. ദിവസവും ഫോണിൽ വിളിച്ച് മകനെ ശല്യപ്പെടുത്തിയിരുന്നതായും അവര്‍ പറയുന്നു.
ഫോൺ കോളിനോട് പ്രതികരിക്കാതായതോടെയാണ് പെൺകുട്ടി ആസിഡ് ആക്രമണം നടത്തിയത്. വീടിനടുത്തുള്ള കടയിൽ നിൽക്കുമ്പോൾ ആൺകുട്ടിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.