ഹൈദരാബാദ്: ഉംപുന്‍ ചുഴലിക്കാറ്റില്‍ 19 മില്ല്യണ്‍ കുട്ടികള്‍ അപകടസാധ്യതയിലെന്ന് യുനിസെഫ്. ഉംപുന്‍ ചുഴലിക്കാറ്റ് മൂലമുണ്ടാവുന്ന വെള്ളപ്പൊക്കം, കനത്തമഴ,കൊടുങ്കാറ്റ് എന്നിവയിലായി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 19 മില്ല്യണ്‍ കുട്ടികളാണ് അപകടസാധ്യതയില്‍പ്പെടുന്നതെന്നാണ് യുനിസെഫ് വ്യക്തമാക്കുന്നത്. ഉംപുന്‍ ചുഴലിക്കാറ്റ് മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങളോടൊപ്പം കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും നിലവിലുള്ളതിനാല്‍ യുനിസെഫ് ആശങ്കാകുലരാണ്. താല്‍കാലിക ഷെല്‍ട്ടറിലേക്ക് മാറ്റിപാര്‍പ്പിച്ച ആളുകള്‍ക്കിടയില്‍ കൊവിഡ് പോലുള്ള ശ്വാസകോശ രോഗങ്ങളും,മറ്റ് അസുഖങ്ങളും വ്യാപിക്കാന്‍ സാധ്യതയുണ്ട്. സാഹചര്യം നിരന്തരം നിരീക്ഷണ വിധേയമാക്കികൊണ്ടിരിക്കുകയാണെന്ന് യൂനിസെഫ് സൗത്ത് ഏഷ്യ ഡയറക്‌ടര്‍ ജീന്‍ ഗോ വ്യക്തമാക്കി.
ഉംപുന്‍ ബാധിത പ്രദേശങ്ങളിലെ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണനയെന്നും കൊവിഡ് സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തര ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും ജീന്‍ ഗോ വ്യക്തമാക്കി. ചുഴലിക്കാറ്റിന്‍റെ നിലവിലുള്ള സഞ്ചാരപഥം അടിസ്ഥാനമാക്കി ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ ഷെല്‍ട്ടറുകളിലുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികളടക്കമുള്ളവര്‍ അപകടസാധ്യതയിലാണ്. അതേസമയം ക്യാമ്പുകളില്‍ കൊവിഡ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലുടനീളം യുനിസെഫ് ഇരു രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്.