ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ദിനംപ്രതി 18,000ത്തിലധികം കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് ആം ആദ്മി സർക്കാർ. ജൂൺ 22ന് മാത്രം 21,121 സാമ്പിളുകൾ ശേഖരിക്കുകയും 22,634 സാമ്പിളുകൾ പരിശോധന നടത്തുകയും ചെയ്തുവെന്ന് ഡൽഹി സർക്കാരിന്‍റെ സ്റ്റാൻഡിങ് കൗൺസിൽ അഭിഭാഷകൻ രാഹുൽ മെഹ്‌റ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തലസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ ഒരുക്കുന്നതുമായി
ബന്ധപ്പെട്ട് കോടതി വാദം കേൾക്കുന്നതിനിടെയാണ് രാഹുൽ മെഹ്റയുടെ പരാമർശം.
കൂടാതെ ഡൽഹിയിൽ റാപ്പിഡ് പരിശോധനകൾ ശക്തമാക്കി. ഇതുവരെ 55,641 റാപ്പിഡ് ആന്റിജൻ പരിശോധനകൾ നടത്തിയെന്നും മെഹ്‌റ പറഞ്ഞു. ഡൽഹി സർക്കാരിന് പക്കൽ 200 സിഎടികൾ (സെൻട്രലൈസ്ഡ് ആംബുലൻസ് ട്രോമ സർവീസസ്) ഉൾപ്പെടെ 430 ആംബുലൻസുകൾ ലഭ്യമാണെന്നും മെഹ്റ കോടതിയെ അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആന്‍ഡ് അലൈഡ് സയൻസസുമായി (ഐഎച്ച്‌ബിഎഎസ്) ചേർന്ന് "സാംവാദ്" എന്ന കൗൺസിലിങ് പദ്ധതി തയ്യാറാക്കി. ഇത് പ്രകാരം കൊവിഡിനെതിരെ മുൻ നിരയിൽ പോരാടുന്നവർക്ക് ആശങ്കകളും സമ്മർദവും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും മെഹ്റ കോടതിയിൽ വ്യക്തമാക്കി. അതേസമയം ബുധനാഴ്ച 3,788 പുതിയ കൊവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗികൾ 70,000 കടന്നു. മരണസംഖ്യ 2,365 ആയി ഉയർന്നു.