ന്യൂഡല്‍ഹി: പ്ലാസ്‌മ ദാനം ചെയ്യാന്‍ തയ്യാറായി ഡല്‍ഹിയില്‍ കൊവിഡ് രോഗവിമുക്തനായ പതിനെട്ടുകാരന്‍. ഡല്‍ഹി എയിംസില്‍ പ്ലാസ്‌മ ദാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇദ്ദേഹം. പനിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എയിംസിലെ നഴ്‌സിങ് ഓഫീസറായ യുവാവിന്‍റെ അച്ഛനും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് എയിംസ് കാര്‍ഡിയാക് അസിസ്റ്റന്‍റ് പ്രൊഫസര്‍ അമരീന്ദര്‍ സിങ് മാല്‍ഹി അറിയിച്ചു. ജൂണ്‍ ആറിനാണ് ഇരുവരെയും ചികില്‍സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 13ന് രോഗവിമുക്തി നേടി ആശുപത്രി വിട്ട യുവാവ് തിങ്കളാഴ്‌ച പ്ലാസ്‌മ ദാനത്തിനായി സ്വയം മുന്നോട്ട് വരികയായിരുന്നു.
ഇന്ത്യയില്‍ ഇതുവരെ രോഗവിമുക്തി നേടിയ അഞ്ചരലക്ഷത്തിലധികം ആളുകള്‍ പ്ലാസ്‌മ ദാനത്തിന് തയ്യാറാണെങ്കില്‍ ഗുരുതര രോഗികള്‍ക്കും ചികില്‍സയിലുള്ളവര്‍ക്കും പ്രയോജനമായേനെയെന്ന് അമരീന്ദര്‍ സിങ് മാല്‍ഹി പറഞ്ഞു. ജൂലായ് 11ന് പ്ലാസ്‌മ ദാതാക്കളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നന്ദി പറഞ്ഞിരുന്നു. രോഗവിമുക്തി വര്‍ധിപ്പിക്കുന്നതിനായി ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാജ്യത്തെ ആദ്യത്തെ പ്ലാസ്‌മ ബാങ്ക് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 2000 ബെഡുള്ള എല്‍എന്‍ജിപി ആശുപത്രിയാണ് തലസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ആശുപത്രി. പ്ലാസ്‌മാഫെറിസിസ് മെഷീന്‍ സ്വന്തമാക്കിയ രണ്ടാമത്തെ ആശുപത്രിയാണിത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 19107 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 3411 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് തലസ്ഥാനത്ത് മരിച്ചു.